Thursday, December 15, 2005

പുട്ട് കീ ജയ് !

അഖില ലോക പുട്ടന്മാരേ പുട്ടികളേ, നിങ്ങളിലൊരുവനാണീ‍ ഞാനുമെന്ന് പറയാനെനിക്ക് അഭിമാനമുണ്ട്.

പുട്ടിന്റെ ഉത്പാദനരീതി - സ്റ്റീൽ/അലുമിനിയം/പിത്തള/മുള കുറ്റിയിലായായും, ചിരട്ടയിലായാലും, ഉപ്പുമാവുണ്ടാ‍ക്കുന്നതുപോലെയാ‍യാലും (അതെങ്ങിനാന്ന് എന്റെ അമ്മച്ചിക്കേ അറിയൂ) എങ്ങനെയാണേലും, എനിക്ക് അത് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണസാധനങ്ങളിലൊന്നാണ്. വീ‍ട്ടിൽ വച്ച് “പുട്ട്+പയർ+പഴം+പപ്പടം+പഞ്ചസാര+നെയ്യ് “ ആയിരുന്നു എന്റെ ഫേവറൈറ്റ് കോമ്പിനേഷൻ. അല്ലേൽ പുട്ടും മുളപ്പിച്ച കടലക്കറിയും. “പുട്ട് + പോത്ത് കറി + ഏത്തക്കായപ്പം“, “പുട്ട്+ ചിക്കൻ ചാപ്സ്“ , “പുട്ട് + മീൻ കറി“ , “പുട്ട് + പീസ് മസാല(or)കുറുമ+ താറാവിൻ മുട്ട ബുൾസ് ഐ“ , “പുട്ട്+ബീഫ് സ്റ്റൂ+കാട ഫ്രൈ “ എന്നീ പുട്ടിന്റെ മറ്റ് വണ്ടർഫുൾ നോൺ‌വെജ് കോമ്പിനേഷനുകളെ കുറിച്ച് ഞാൻ മനസ്സിലാ‍ക്കിയത് ഡിഗ്രിക്ക് പഠിക്കാനായി തിരുവനന്തപുരത്ത് താമസം തുടങ്ങിയപ്പഴാ. അവസാനം പറഞ്ഞ “പുട്ട്+ബീഫ് സ്റ്റൂ+കാട ഫ്രൈ“ കോമ്പിനേഷൻ എറണാകുളം കെ.എസ്.ആർ.റ്റി.സി ബസ്സ്സ്റ്റാൻഡിനടുത്തുള്ള ലൂസിയ ഹോട്ടലിലെ “സാഹ്‌യാന” എന്ന രാത്രി റെസ്റ്റോറന്റിൽ ഇപ്പഴും കിട്ടും.

കുട്ട്യേട്ടത്തിയുടെ കേരളത്തിന്റെ സ്വന്തം പുട്ട് വായിച്ചപ്പോഴേ കരുതിയതാ പുട്ടിനെ കുറിച്ച് എന്തേലുമൊക്കെ പോസ്റ്റ് ചെയ്യണമെന്ന്. അതിൽ വന്ന കമന്റുകളും, അതിന്റെ കൂടെ അനിലേട്ടന്റെ പുട്ട് പോസ്റ്റും അതിൽ വന്ന കമന്റുകളും കൂടെയായപ്പം എന്റെ ക്ഷമ കെട്ടു. കുട്യേട്ടത്തി പറഞ്ഞത് ശരിയാ. നമ്മുടെ തനത് ഐറ്റമായ പുട്ട് പോലത്തെ സംഗതികൾ ശരിക്ക് മാർക്കറ്റ് ചെയ്തിരുന്നേൽ .....

പെരിങ്ങോടരുടെ കരാമയിലെ “കീർത്തി“ റെസ്റ്റോറന്റിന്റെ (ദുബൈക്കാർക്കു വേണ്ടിയുള്ള) ടിപ്പ് കണ്ടപ്പം എനിക്ക് തോന്നി ഇവിടെ ഉം അൽ കുവൈനിലെ “അൽ ഗവാസ്”നെ കുറിച്ച് പറയണമെന്ന്.

ഇവിടെ ഉം അൽ കുവൈനിൽ, വാ‍മനപുരത്തുകാരൻ സദാ‍നന്ദൻ ചേട്ടൻ കഴിഞ്ഞ 5 വർഷമായി നടത്തുന്ന “അൽ ഗവാസ്“ എന്ന ഒരു റെസ്റ്റോറന്റുണ്ട്. ഈ അൽ ഗവാസിനെ കുറിച്ച് എഴുതണമെന്ന് വിചാരിച്ചിട്ട് ഒരുപാടുനാളായി. “കുഴിക്കട“ എന്നാണത് ഇവിടുത്തെ മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. ഉം അൽ കുവൈൻ ബസാറിന്റെ അങ്ങേയറ്റത്താണ് അത് സ്ഥിതി ചെയ്യുന്നത്. ഒരു “കഫറ്റീരിയ“യുടെ ഗണത്തിൽ പെട്ടതല്ല അത്. ആവശ്യത്തിനു സ്ഥലമുണ്ട് അകത്ത്. പക്ഷേ, 10-12 പേർക്കിരിക്കാനുള്ള കസേരകളും മേശകളുമേയുള്ളു. അവിടെ 2 സ്റ്റാഫേയുണ്ടായിരുന്നുള്ളു. സദാനന്ദൻ ചേട്ടനും ബിനുവും. സദാനന്ദൻ ചേട്ടനാണ് ഷെഫ്-കം-ഓണർ. സദാനന്ദൻ ചേട്ടന്റെ അസ്സിസ്റ്റന്റ്-കം-വെയിറ്റർ-കം-ക്യാഷ്യർ ആണ് ബിനു. വരുന്ന എല്ലാരോടും സദാനന്ദൻ ചേട്ടൻ കുശലം പറയും. സ്വന്തം പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ സദാ സമയും പുള്ളിക്കാരന്റെ മുഖത്തൊരു പുഞ്ചിരിയുണ്ടാകും. ബിനുവും അതുപോലെ തന്നെ എപ്പഴും പുഞ്ചിരിച്ചോണ്ടിരിക്കും. സദാനന്ദൻ ചേട്ടൻ താമസിക്കുന്ന മുറിയും ഹോട്ടലിനോട് ചേർന്ന് തന്നെയാണ്.

ഉം അൽ കുവൈനിൽ മലയാളികൾ നടത്തുന്ന ഒരുപാട് ഹോട്ടലുകൾ ഉണ്ട്. പക്ഷേ, അതിൽ നിന്നൊക്കെ വ്യത്യസ്ഥമായി, അൽ ഗവാസിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്നു ചോദിച്ചാൽ, അവിടുത്തെ ഭക്ഷണത്തിന്റെ രുചിയും, വൃത്തിയും, വെടിപ്പും, ന്യായ വിലയും, ബിനുവിന്റെയും സദാനന്ദൻ ചേട്ടന്റെയും ഹൃദ്യമായ പെരുമാറ്റവുമാണ്. അന്നന്ന് മേടിക്കുന്ന മീനും പച്ചക്കറിയും വച്ച് ഫ്രെഷായിട്ടുണ്ടാ‍ക്കുന്ന ഭക്ഷണം മാത്രമാണവിടെ കിട്ടുക. “റീസൈക്ലിംഗ്“ എന്നൊരു സംഗതി ഇല്ല. അവിടെ ചെന്ന് ഭക്ഷണം ഓർഡർ ചെയ്താൽ ഇത്തിരി നേരം ഇരിക്കേണ്ടി വരും. മുഷിഞ്ഞിട്ട് കാര്യമില്ല. കാരണം ഊണൊഴിച്ച് മറ്റുള്ള സാധനങ്ങൾ അപ്പഴ് തന്നെ ഉണ്ടാക്കി തരികയാണ് ചെയ്യുക. ചൂടോടെ തിന്നാം. ഉണ്ടാക്കി വയ്ക്കുന്നത് തീരുമ്പഴത്തേക്ക് കച്ചവടം നിർത്തുകയും ചെയ്യും. പിന്നെ, സമയത്ത് ചെന്നില്ലെങ്കിൽ ഭക്ഷണം കിട്ടത്തുമില്ല. അതുകൊണ്ട് ഒരു കൃത്യമായ സമയക്രമം ഒന്നുമില്ല അൽ ഗവാസ് റെസ്റ്റോറന്റിന്. ചില ദിവസം അത് അടച്ചിട്ടേക്കുന്നത് കാണാം. അന്ന് ഭക്ഷണമില്ല. തോന്നുമ്പം തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ഈ സ്ഥിതിക്ക് ഒരു മാറ്റം വരുത്തണമെന്ന് തോന്നിയതുകൊണ്ടാകും സദാനന്ദൻ ചേട്ടൻ ഒരു അസ്സിസ്റ്റന്റ് കുക്കിനെ നാട്ടിൽ നിന്നു വരുത്തി ഈ അടുത്തയിടയ്ക്ക്. എന്നാലും കറികളൊക്കെ വയ്ക്കുന്നത് സദാനന്ദൻ ചേട്ടൻ തന്നെ. അസ്സിസ്റ്റന്റ് കുക്കിനെ അപ്പോയിന്റ് ചെയ്തത് ദോശ ചുടാ‍നും ചപ്പാത്തിയുണ്ടാക്കാനും ചോറ് വയ്ക്കാനും പൊറോട്ടയടിക്കാനുമൊക്കെയാണ്.

അവിടുത്തെ കറികൾക്കൊരു പ്രത്യേക സ്വാദ് തന്നെയാണ്. ഇല്ലാത്ത രുചിയുണ്ടാ‍ക്കാൻ എണ്ണ കോരിയൊഴിച്ച് ചുമ്മാതെ മസാലയും പ്രിസർവേറ്റീവ്സും ഒക്കെ ഇട്ടിളക്കി കുളമാക്കിയവയല്ല അവയൊന്നും തന്നെ-എല്ല്ലാം പാ‍കത്തിന്. കൈപുണ്യമെന്നൊക്കെ കേട്ടിട്ടില്ലേ? ആ അനുഗ്രഹം സിദ്ധിച്ചയാളാ പുള്ളിക്കാരൻ എന്ന് പറയാം. ചില വെള്ളിയാഴ്ച്ചകളിൽ ഞാനവിടെ ഉണ്ണാൻ പോകും. മിക്കവാറും ഒരു തനി നാടൻ കറി ഊണിന്റെ കൂടെയുണ്ടാകും. കഴിഞ്ഞ തവണ ചെന്നപ്പോൾ മുരിങ്ങയില തോരൻ ഉണ്ടായിരുന്നു! ഹോട്ടലിനകവും പുറവും അടുക്കളയും എപ്പഴും വൃത്തിയായും വെടിപ്പായും അവർ സൂക്ഷിക്കുന്നു. ദുബൈയേയും ഷാർജ്ജയേയും അബുദാബിയേയുമൊക്കെ വച്ച് നോക്കുമ്പോൾ അൽ ഗവാസിലെ ഭക്ഷണസാധനങ്ങളുടെ വിലനിലവാരം വളരെ ‘റീസണബിൾ’ ആണ്. സാധാരണക്കാരന്റെ ഹോട്ടലാണ് അൽ ഗവാസ്. ദുബൈയിൽ നിന്നൊക്കെയുള്ള എന്റെ സുഹൃത്തുക്കൾ അവിടെ വന്ന് ഭക്ഷണം കഴിച്ചിട്ട് അത്ഭുതം കൂറിയിട്ടുണ്ട് - വിലയും രുചിയും കണ്ട്! സിമ്പിൾ എക്കണോമിക്സ് ആണ് രഹസ്യം. അവിടെ ഓവർഹെഡ്സ് കുറവാണ്. 3 സ്റ്റാഫ്, തറ വാടക ഇല്ല, ആഡംബരങ്ങളില്ല. അതുകൊണ്ട് പുള്ളിക്കാരന് വില കുറച്ച് നഷ്ടമില്ലാതെ തന്നെ ഭക്ഷണം കൊടുക്കാം. അവിടെ വല്യ എലാബറേറ്റായിട്ടുള്ള ഒരു സ്ഥിരം മെന്യു ഒന്നുമില്ല. ചുരുക്കം ചില സാധനങ്ങൾ - പക്ഷേ എല്ലാം ഇടിവെട്ട് ഐറ്റംസാ - ഹോട്ട് & ഫ്രെഷ്. മീൻ കറികൾ അന്നന്ന് കിട്ടുന്ന നല്ല മീൻ അനുസരിച്ച് ആയിരിക്കും.

അൽ ഗവാസ് റെസ്റ്റോറന്റിലെ ഒരു സ്പെഷ്യാലിറ്റിയാണ് പുട്ട്. ഞാനിന്നലെ അത്താഴത്തിന് കഴിച്ച് പുട്ടിന്റെ പടം ഇതാ :
നെയ്‌മീൻ (ഐക്കൂറ) തലക്കറി + സലാഡ് + ആവി പറക്കുന്ന ചൂടൻ പുട്ട് -
ഈ കോമ്പിനേഷന് വില 3 ദിറഹം.

മലയാളികളെ രണ്ടായി തരം തിരിക്കാം- പുട്ട് ഉണ്ടാ‍ക്കാനറിയാവുന്നവർ, പുട്ട് ഉണ്ടാക്കാനറിയാത്തവർ എന്നിങ്ങനെ. പുട്ട് ഉണ്ടാക്കാനറിയാത്തവർക്കായി ഇതാ പുട്ടിന്റെ സിമ്പിൾ റെസീപ്പി:

കുറ്റിപ്പുട്ട്
ഇതുണ്ടാ‍ക്കാൻ പുട്ട് കുറ്റിയും പുട്ട് കുടവും വേണം.

പുട്ടിന്റെ പൊടി : 4 കപ്പ്
വെള്ളം : ഒരു കപ്പ്
പൊടിയുപ്പ് : അര ടീസ്പൂൺ
തിരുമ്മിയ തേങ്ങ: ഒരു കപ്പ്

പാകം ചെയ്യുന്ന വിധം
പുട്ടിന്റെ പൊടിയിൽ, ഉപ്പ് ചേർത്ത വെള്ളം കുറേശ്ശെ തളിച്ച് പൊടി കട്ടകെട്ടാതെ കൈവിരൽ കൊണ്ട് നനയ്ക്കുക. വളരെ ബലം ഉപയോഗിക്കരുത്.നനച്ച പൊടി തട്ടി പൊത്തി അരമണിക്കൂർ കുതിരാൻ വയ്ക്കുക. പുട്ടുകുറ്റിയിൽ ചില്ലിട്ട് നനച്ച പൊടിയും തിരുമ്മിയ തേങ്ങയും ഇടവിട്ട് വാരിയിട്ട് ആവി വരുന്ന പുട്ടുകുടത്തിന്റെ മീതെ വച്ച് പുഴുങ്ങുക. പെട്ടന്നു വെന്തുകിട്ടാൻ കുറ്റിയുടെ മേൽ ഒരു ചെറിയ തട്ടം കൊണ്ട് മൂടുക. മൂന്ന്-നാല് മിനിട്ട് കഴിയുമ്പോൾ കുറ്റി ഈരിയെടുത്ത് തുടിപ്പോ, തവിയുടെ വാലോ വച്ച് പാത്രത്തിലേക്ക് പുട്ട് തള്ളിയിറക്കുക. ചൂടോടെ ഉപയോഗിക്കുക.
(കോമ്പിനേഷനുകൾ നിങ്ങളുടെ ഇഷ്ടാ‍നുസരണം)

23 comments:

ചില നേരത്ത്.. said...

ഇക്കഴിഞ്ഞ റംസാനിലാണ്‍ പുട്ട് കഴിച്ചത്. അജ്മാനില്‍ പെങ്ങള്‍ ഉണ്ടാക്കിയ പുട്ട് സ്റ്റാന്‍ഡാറ്ഡ് ആയിരുന്നു. grain size എല്ലാം വളരെ നന്നായിരുന്നു. ആ പുട്ടിന്റെ പേരും പറഞ്ഞ് എന്റെ കുറേ കാശും അവള്‍ വാങ്ങി.എന്തായാലും അല്‍ ഗവാസ് വഴി ഒന്നു കറങ്ങി തിരിയാന്‍ മോഹമുദിക്കുന്നു. പുട്ടുകള്‍ ഇനിയും കഥ പറയട്ടെ.വളരെ നല്ല വിവരണം. സദാനന്ദന്റെ(ചേട്ടന്റെ) സമയം..

.::Anil അനില്‍::. said...

സദാ ആനന്ദിച്ചിരിക്കുന്ന ഈ കോതമ്പുപ്പുട്ടിനോടപ്പവും മറ്റേ സലാഡ് !
ഇതാണിവിടുത്തെ ഒരു കുഴപ്പം. ദോശയ്ക്കൊപ്പം പോലും ഇതു കൊടുക്കും. മൂഡുപോവാന്‍ പിന്നെന്തുവേണം?
കലേഷിന്റെ നറേഷന്‍ കൊതി മൂപ്പിച്ചു. നാളെ മെനക്കെടുകള് തന്നെ.

Reshma said...

ഇവിടെ ആകെമൊത്തംഗംബ്ലീറ്റ് പുട്ടുറുമീസ് ആന്റ് പുട്ടുറുമീസത്തികൾ ആണല്ലേ?:D പോസ്റ്റും പടവും രസിച്ചു :)

സു | Su said...

കുട്ട്യേടത്തി പുട്ടടിച്ചു, സഹിച്ചിരുന്നു കണ്ടു. അനിലേട്ടൻ പുട്ടടിച്ചു, അസഹിഷ്ണുതയോടെ കണ്ടു.

കലേഷേ ഇച്ചതി എന്നോട് വേണ്ടായിരുന്നു. ഫോട്ടോയടക്കം വെച്ച് പുട്ടടിക്കുന്നു.

എന്റെ കണ്ട്രോൾ പോയല്ലോ.....

അതുകൊണ്ട് നാളെ പുട്ടും കടലയും.
എന്റെ എക്കാലത്തേം പ്രിയ ഫുഡ്.

ജിങ്ങ് ജിങ്ങ് ജാങ്ങ്.....

വക്കാരിമഷ്‌ടാ said...

എന്തിനാ കലേഷേ ഈ ക്രൂരവിനോദങ്ങൾ.... വിവരണം വായിച്ചുതന്നെ വായിൽ വെള്ളം നിറഞ്ഞു. അതിന്റെ കൂടെ പടവും കൂടി..

ഏതായാലും പുട്ടിന് പഴവും പപ്പടവും അല്ലെങ്കിൽ കടലക്കറി എന്ന യാഥാസ്ഥിതിക ചിന്ത മുറുകെപ്പിടിക്കുന്ന ഒരുവനായതിനാൽ പടം എന്നെ വല്ലാതെ നിരാശനാക്കിയില്ല, വിവരണങ്ങൾക്കു ശേഷം ഇതൊന്നുമിവിടെക്കിട്ടില്ലല്ലോ എന്നോർത്ത് കുറച്ച് വിഷണ്ണനായെങ്കിലും.

സമ്മാനം: ക്കുംബുവ്

Adithyan said...

വക്കാരീ, നമ്മക്കൊരു യൂണിയൻ ഉണ്ടാക്കേണ്ടി വരും... സ്വൊന്തം വീട്ടിൽ പുട്ടടിക്കാൻ അനുസാരികൾ ഉള്ളവരും , തൊട്ടടുത്തു പുട്ടടി കടകൾ ഉള്ളവരുമായ കുട്ട്യേടത്തി, അനിൽ, കലേഷ്‌ തുടങ്ങിയവരുടെ ഗുണ്ടായിസം അവസാനിപ്പിക്കാൻ.... :-(

“ആ, തോറ്റിട്ടില്ലാ, തോറ്റിട്ടില്ലാ, തോറ്റചരിത്രം കേട്ടിട്ടില്ല...“

പുട്ട്‌ അറ്റാച്‌മെന്റായി അയക്കാനുള്ള ടെക്‌നോളജി വികസിപ്പിക്കുന്നതു വരെ കലേഷിനെപ്പോലെയുള്ള കാപാലികർ കൊതിപ്പിക്കുന്ന പടങ്ങൾ ബ്ലൊഗിൽ ഇടുന്നതിനു വിലക്കേർപ്പെടുത്തുക...

“ആ, പുട്ടെവിടെ, പുട്ടെവിടെ, പറയൂ പറയൂ സർക്കാരേ....“

ഈ ‘ആ‘ എന്നതു ഏതു മുദ്രാവാക്യവും തുടങ്ങിന്നതിനു മുമ്പു വായു ഉള്ളിലേക്കു വലിക്കുന്ന സൌണ്ട്‌ എഫക്ട് ആണു... നസീറിന്റെ ‘ആ മണ്ടിപ്പെണ്ണേ’ പോലെ...

സൂഫി said...

കലേഷ്‌ ബോസ്സ്‌,
നന്നായിട്ടുണ്ട്‌.
ഊഷരഭൂമിയായ മദിരാശിയില്‍ അത്യപൂര്‍വ്വമായി മാത്രം പ്രത്യ്ക്ഷപ്പെടുന്ന നനുത്ത മഴയും കണ്ടു, നാട്ടില്‍ നിന്നു കൊണ്ടു വന്ന നാടന്‍ അരിപ്പൊടി കൊണ്ടു കടലക്കറിയും കൂട്ടി പുട്ടടിച്ചു ഇരിക്കുമ്പോഴാണ്‌ ഈ പുട്ടു പുരാണം കണ്ടത്‌.

പുട്ടില്‍ നിന്നുദിക്കുന്നൂ ലോകം
പുട്ടാല്‍ വൃദ്ധി തേടുന്നൂ..

പുട്ടെന്നു കേട്ടാല്‍ തിളയ്ക്കണം
വിശപ്പു നമുക്കു വയറുകളില്‍

തിന്നുവിന്‍ പുട്ടുകളെ
അല്ലെങ്കില്‍ തീറ്റിക്കുമതു ഞാന്‍ നിങ്ങളെക്കൊണ്ട്‌

സൂഫി

അതുല്യ said...

പുട്ട് പുരാണം നന്നായിരിക്കുന്നു.
പുട്ടിനു കുഴച്ച പൊടി 10 മിനിറ്റ്‌ വച്ചിരുന്ന ശേഷം, മിക്സിയുടെ ചെറിയ ബൌളിൽ കുറെശ്ശയായി ഇട്ട്‌ ഒന്നു കറക്കിയ ശേഷം പൂട്ടുണ്ടാക്കിയാൽ, അതി മൃദുലമാവും. (ഇർപ്പം ഒരേപോലെ പടരുന്നതു കൊണ്ടാവും ഇത്‌).

അനിലു പറഞ്ഞപോലെ, ആ സാലഡ്, സമൃദ്ധിയോടെ നിക്കുന്ന വയലിലേ നോക്കുകുത്തിപോലെ തോന്നുന്നു.

ദേവന്‍ said...

പുട്ട്‌ വേര്‍സസ്‌ പൊറോട്ട.
പുട്ട്‌ ആയുര്‍വേദം അലോപ്പതി, ഹോമിയോപ്പതി, നാച്ച്‌ രഹോ പതി തുടങ്ങി ഡോ. മാക്‌ഡോഗള്‍ ഡോ. ഡീന്‍ ഓര്‍നിഷ്‌ എന്നിവരുടെ കഠിന ഡയറ്റില്‍പ്പോലും അനുവദനീയമായ ഭക്ഷണം (ചില ഡയബെറ്റിക്കുകള്‍ അരിയാഹാരമെന്ന് പുശ്ചിച്ചിട്ട്‌ ഡാല്‍ഡയൊഴിച്ച പൊറോട്ടാ വാങ്ങിത്തിന്ന് കാല്‍മുറിക്കല്ല്യാണം 10 വര്‍ഷത്തോളം നേര്‍ത്തേയാക്കുന്നത്‌ കണ്ട്‌ ഞാനവരുടെ നിത്യശാന്തിക്കു പ്രാര്‍ഥിച്ചിട്ടുണ്ട്‌)

പൊറോട്ട ആട്ടാമാവല്ല മൈദാ. ഫെബറില്ല. കുടല്‍പുണ്ണിനെ വശീകരിച്ച്‌ ദേഹത്താവാഹിക്കാന്‍ പറ്റിയ സൂത്രം.

പുട്ട്‌ സ്റ്റീം ചെയ്യപ്പെടുന്നു. അരിയില്‍ നിന്നൊന്നും പോകുന്നില്ല. free radicals/ ഓക്സിഡന്റുകള്‍ ചേരുന്നില്ല. ധമനീരോഗങ്ങള്‍ ദൂരെ. പൊറോട്ട എണ്ണയില്‍ ചുട്ടെടുക്കപെടുന്നു.

കടയിലെ ഡെസ്കിലെ അഴുക്ക്‌, മാവടിച്ചുപരത്തുന്നവന്റേ വിയര്‍പ്പ്‌, കല്ലില്‍ കിടന്നു കരിയുന്ന അവശിഷ്ടങ്ങള്‍- പൊറോട്ട മാലിന്യമയം. പുട്ടിനു കറികളും പൊറോട്ടക്കു ഫ്രൈകളും അകമ്പടി..

ഹോട്ടലിലും തട്ടുകടകളിലും ദോശയെയും പുട്ടിനെയും ഇഡ്ഡലിയേയും ബഹുദൂരം പിന്നില്‍ത്തള്ളി കഴിഞ്ഞ ഒരു 15 വര്‍ഷംകൊണ്ട്‌ പോറോട്ട ഒരു വന്വിജയം ആയതെന്താണാവോ..

ചില നേരത്ത്.. said...

ദേവേട്ടാ.
പറോട്ട നമ്മുടെ ഒരു ദേശീയ ഭക്ഷണമല്ലേ?. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ മുക്കിലും മൂലയിലും പറൊട്ട സുലഭം, പുട്ടോ?.കേരളമെന്ന ഇട്ടാവട്ടത്തില്‍ മാത്രം കിട്ടുന്ന ഭക്ഷണം.
താരതംയ പഠനത്തില്‍ ഈ ഒരു സാധ്യത കൂടെ പരിഗണിക്കൂ.

അതുല്യ said...

ദേവാ, ആ വിജയത്തിനു പിന്നിൽ ഒരു പക്ഷെ ഇതുപോലെ ഒരു കഥയുണ്ടാവാം. ഈ പറോട്ട നേടിയ വിജയത്തിനു പുറകിൽ ഒരു ജാതി മറ്റൊരു ജാതിയുടെ/ഒരു വർഗ്ഗത്തിന്റെ മേൽ നേടിയ മേൽകൊയ്മയുടെ തീപ്പൊരി കഥ ആളി കത്തി നിൽപ്പുണ്ടെന്നെനിക്കു തോന്നാറുണ്ട്? പണ്ട്‌ ഏതെങ്കിലും ഹിന്ദുക്കളുടെ തറവാട്ടി പിറന്നവൻ രാത്രി ഗോതമ്പു ദോശയോ, പുട്ടോ, കഞ്ഞിയും പയരുമെഴുക്കുവരട്ടിയുമൊക്കെയോ ആണു കഴിച്ചിരുന്നത്‌. പാടത്തെ പണിക്കന്റെ കൂടെ തോളിൽ കൈയിട്ടു നടക്കാംന്ന് ആയ കാലഘട്ടം വന്നതോടെ, അവനും രുചിച്ചു തുടങ്ങി ഈ കുടലാകെമൊത്തം ഒട്ടിപിടിക്കുന്ന പറോട്ട അടി. കൂട്ടത്തിൽ ബീഫും. പിന്നെ പിന്നെ ഉശിരുകൂട്ടാനായി, അൽപം കൊട്ടോടി. നാടിനു വന്ന പുരോഗതിയ്കൊപ്പം, പറോട്ട അടി ഒരു ഉശിരൻ സംഭവമായി മാറി. പുട്ട്‌/ഇഡലി ഔട്ട്‌. പിന്നെ പറോട്ടയ്കു കിട്ടുന്ന പൊടി (സിനിമാ പൊസ്റ്ററൊട്ടിക്കുന്ന പശയുമുണ്ടാക്കാം) ഒരു "റെഡി റ്റു മേക്ക്‌" സാധനം. തറവാട്ടു ഗുണം പറഞ്ഞിരുന്നാ , അരിയാട്ടണ/പൊടിയ്കണ കാർത്യായിനി, ആഴ്ചയിൽ രണ്ടിൽ കൂടുതൽ തവണയായൽ പണി വേറേ നോക്കി പോകും. അതും പറോട്ടയുടെ വിജയത്തിന്റെ പുറകിലേ ഒരു കാരണമാകാം. പിന്നെ മറ്റൊന്ന്, “എന്നാ ഇന്നു നമക്ക് നാലു പറോട്ടയും, രണ്ടു ബീഫു കറിയും വാങ്ങാന്ന് പറഞ്ഞതു” കൊണ്ട്, വീട്ടീലുള്ളവളൊരുത്തി, വിരുന്നവന്നവനു ചോറു വയ്കാൻ പറഞപ്പോഴുണ്ടയാ മോന്ത വീർപ്പിയ്കൽ ഇല്ലതാക്കിയതു, പറോട്ട നേടിയ വിജയത്തിന്റെ പത്തരമാറ്റ് കൂട്ടുന്നു, എന്നു ചിലപ്പോ എനിക്കു തോന്നാറുണ്ട്.

സായിപ്പ് എന്നെ, കഴുത്തീ പിടിച്ചു ബാൽക്കണി വശം എറിഞ്ഞാ ഒരു “പണി” ദേവനോ/വിശാലനോ/കലേഷോ മറ്റോ തരാക്കി തരും എന്ന ആത്മാർത വിശ്വാസത്തോടെ...

അതുല്യ said...

ഇബ്രുവേ... നിർത്താംന്ന് കരുതിയിരുന്നപ്പഴാ കമന്റ് കണ്ടതു. I Disagree !! ഉത്തരേന്ത്യൻ രാജ്യങ്ങളിലു പറോട്ട പരതിയാ കാണില്ലാട്ടോ. പൂരി ആലൂ......... ലോ, പൂരി ലോ പൂരി ലോ.... ദസ് കാ തീൻ .......ദസ് കാ തീൻ, ഒരു പച്ചമുളകു ഫ്രീയുണ്ടാവും.

.::Anil അനില്‍::. said...

നമ്മ നാട്ടിലും ഇന്ത നാട്ടിലും കഴിയ്ക്കുന്ന ആ പറോട്ട നമ്മുടെ ഒരു ദേശീയ ഭക്ഷമാണോ?
ഒരുപക്ഷേ ആ സ്ഥാനം ചപ്പാത്തിയ്ക്കു കൊടുക്കാവുന്നതാണ്.
ഇന്ദ്രപ്രസ്ഥത്തിലൊക്കെ (ആകെ നന്നായറിയുന്ന ഉത്തരേന്ത്യ!) കിട്ടുമായിരുന്ന ‘പറാണ്‌ട്ട’ നമ്മുടെ നടപ്പു സാധനം അല്ല; ആലു,മൂലി എന്നുതുടങ്ങി എന്തും പുഴുങ്ങി ചപ്പാത്തി പരത്തലിനിടെ ‘സ്നേഹവും‘ പുരട്ടി കയറ്റി വീണ്ടും പരത്തി ചുട്ടെടുക്കുന്നതാണത്.
അതിനൊരപവാദമായി നമ്മുടെ പൊറോട്ടയുടെ മുഖഛായയിലും ഏറെക്കുറെ രുചിയിലും നെഹ്രു‌പ്ലേസിലെ ഒരു ഹോട്ടലില്‍ മാത്രം സ്‌ലോണി പറാണ്ട്ട്ട കിട്ടുമായിരുന്നു.
ദേശീയ ഡിഷ് ആയി മാറിയത് സാംബാര്‍ ഉഴുന്നുവട എന്നിവയാണെന്നാണ് എന്റെ നിരീക്ഷണം.

ദേവന്‍ said...

നാട്ടിലെ ബബ്‍ള് ഗം പൊറോട്ട തെക്കൻ പത്തിരിയോ വടക്കൻ പറാത്തയോ അല്ലെന്നാ ഇബ്രൂ എനിക്കും തോന്നുന്നെ.

തുല്യേ, പോറോട്ടപ്പൊതിയിലെ കൊടുൻകാറ്റും എനിക്കു കാണാൻ കഴിയുന്നില്ലല്ലോ. കഞി കപ്പ കാച്ചിൽ, പുഴമീൻ, പോത്തഇറച്ചി പഞ്ഞക്കർക്കിടകത്തിൽ ഉണക്കക്കപ്പ, മാങ്ങാണ്ടിപ്പുട്ട് .വെറും വെള്ളം. ഇല്ല ചീനച്ചട്ടിയുടെ നിറവും മിനുസവുമുള്ള, ദേഹം മുഴുവൻ മസിലുകളുള്ള, ഉയരം കുറഞ്ഞ ഉരുക്കു ശരീരങ്ങൾ വാർത്തെടുക്കാൻ കുട്ടി വേലത്താട്ടിയും പുല്ലിക്കുറുമ്പയും പൊറോട്ടയടിക്കുന്നത് ഞാൻ കണ്ടിട്ടേയില്ല. ചാളപ്പുരകളിൽ ഭക്ഷണം കഴിക്കുന്നതിന് എനിക്കൊരു വിലക്കുമില്ലായിരുന്നു. ഉറപ്പായി എനിക്കറിയാം- തിരുവിതാംകൂറിൽ പൊറോട്ട ഇല്ലാത്തവന്റെ ഭക്ഷണമല്ലായിരുന്നു.

ചില നേരത്ത്.. said...

കുറെ കാലമായുള്ള all India tour മോഹത്തെ പറ്റി എന്റെ നാട്ടുകാരനായ Delhi IIT ഫ്രണ്ടിനോട് സംസാരിക്കുമ്പോള്‍ പറഞ്ഞ പറൊട്ട എന്നത് ഞാ‍ാന്‍ നാട്ടിലെ പറൊട്ട എന്ന്
തെറ്റിദ്ധരിച്ചതാണ്‍. അതുല്യ ചേച്ചി,ദേവേട്ടാ, അനിലേട്ടാ I agree!!. അപ്പോള്‍ ആ പറോട്ട വെ ഈ പറൊട്ട റേ..

സാക്ഷി said...

"പുട്ട് സിന്ദാബാദ്.. പൊറോട്ട മൂര്‍ദ്ദാബാദ്"
കലേഷ്, പുട്ടുപുരാണം അടിപൊളി

nalan::നളന്‍ said...

അങ്ങനെ ഞമ്മടെ പുട്ടൊരുബല്യ സംഭ്വായി. പുട്ട് കീ ജയ്.
പണ്ട് ഞാന്‍ കെട്ട്യോളാകാന്‍ പോണവളെ ഫോണ്‍ ചെയ്തപ്പോഴുള്ള സംഭാഷണം
ഭക്ഷണമൊക്കെ കഴിഞ്ഞോ ?(പഞ്ചാരയടിച്ചുശീലമില്ലാത്തതുകൊണ്ട്)
ഉവ്വ്.
എന്തായിരുന്നു സംഭവം.
ഓ! ഇന്നു പുട്ടും കടലയുമായിരുന്നു, ഞാന്‍ പഴം കൂട്ടിയടിച്ചു.
ങേ! പുട്ടോ (ബാംഗ്ലൂറില്‍ പുട്ടെവിടെ കിട്ടാന്‍), അതെന്റെ ഫേവറേറ്റാണല്ലോ.
അന്നു ഞെട്ടിയ അവള്‍ പിന്നെ എവിടെപ്പോയാലും പുട്ടുകുറ്റിയെടുക്കാന്‍ മറന്നിട്ടില്ലാത്തതുകൊണ്ടു പുട്ടടി മുടങ്ങാറില്ല.

ഗന്ധര്‍വ്വന്‍ said...

പുട്ടും കുംബം മഹാശ്ചരിയം നമുക്കും കിട്ടണം 2 കണ.

കണ്ടെത്തലുകള്‍

പുട്ടു തിന്നുന്നവന്‍ വെള്ളം കുടിക്കും. പിരിവെടുക്കുന്നവര്‍ പുട്ടടിക്കും. മാതാപിതാകള്‍ കൂട്ടി വക്കുന്നതു ഉണ്ണികള്‍ പുട്ടടിക്കും

ഒരു സിനിമാ ഗാനം
ആവിയില്‍ വെന്തവനെ പുട്ടെ പുട്ടെ രാവിലെ നീ ശരണം രാവിലെ നീ ശരണം

ചിന്താവിഷയം
പുട്ടിനു ആവി സ്വന്തമോ?.
ആവിക്കു കുംഭം സ്വന്തമൊ?.
കടയില്‍ കണക്കിലെഴുതാമൊ?.
കലേഷെ പുട്ടു കൊരിയറ്‍ അയക്കുമോ?.

വര്‍ണ്ണമേഘങ്ങള്‍ said...

സ്റ്റീം കേക്ക്‌ സായിപ്പിന്‌ കൊടുക്കണം..
പണ്ട്‌ അത്‌ കണ്ടിട്ട്‌ ടിപ്പു സുൽത്താന്റെ പീരങ്കി യാന്നും പറഞ്ഞ്‌ ഓടിയ കക്ഷികൾ..
ഇപ്പോ മൂക്കു മുട്ടെ അടിക്കും..
പൂർവികരെ പത്ത്‌ ചീത്തയും പറഞ്ഞ്‌..!

വേർഡ്‌ : മ്ൻപ്ല്ശ്ന്നി

ചില നേരത്ത്.. said...

കലേഷിന് എന്റെ കൃസ്തുമസ് നവവത്സരാശംസകള്‍.
-ഇബ്രു-

Jithu said...

kalesh, christmas puthuvathsaraashamsakal! puttadi okke engane pokunnu ippo? ;-)

വര്‍ണ്ണമേഘങ്ങള്‍ said...

പുട്ട്‌ പോലെ പുതുവത്സരാശംസകൾ...!

അചിന്ത്യ said...

അർത്ഥരഹിതമായ സമയക്കെട്ടുകൾക്കിപ്പുറം നിന്നു കൊണ്ട്...
ആശംസകളുടെ ഇടക്കു ഇതൊന്നു കൂടി...
ഏറ്റാനുള്ള ചുമടുകൾക്കേറ്റ ചുമലുകൾ ഉണ്ടാകട്ടെ,
വേദനകളുടെ ഇടയിലും അതൊക്കെ വേഗം പോകുന്നവയാണെന്ന തിരിച്ചറിവുണ്ടാവട്ടെ,
പൊന്നുമക്കളുടെ പാൽപ്പുഞ്ജിരിയിൽ അനുഭവങ്ങളുടെ നീലവിഷം തീണ്ടാതിരിക്കട്ടെ,
സ്നേഹവും, ശാന്തിയും , സമാധാനവും ...ഒരുപാട്...ഒരുപാടൊരുപാട്...